വണ്ടിപ്പെരിയാർ: കടുവ ശല്യം രൂക്ഷമായ അരണക്കൽ എസ്റ്റേറ്റിൽ അഡ്വ. സിറിയക് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികളും വിലയിരുത്തി.
കഴിഞ്ഞ കുറെ നാളുകളായി കടുവ ഭീതിയിലാണ് അരണക്കൽ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഞായറാഴ്ച രാവിലെ അരണക്കൽ സ്വദേശി സൂര്യയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു.
തുടർന്ന് തൊഴിലാളികളും മറ്റും ചേർന്ന്, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘത്തെ തടഞ്ഞുവച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി മറ്റ് ക്രമീകരണങ്ങൾ ഒരുക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.
തുടർന്ന് എംഎൽഎയുടെ നിർദേശാനുസരണം പഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തോട്ടം മാനേജ്മെന്റ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അരണക്കല്ലിൽ യോഗം ചേർന്നു.
നിലവിലുള്ള നിരീക്ഷണ കാമറകൾകൂടാതെ കടുവയുടെ സാന്നിധ്യമുള്ള ഇടങ്ങളിലുമായി പതിനഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
കൂടാതെ തിങ്കളാഴ്ച രാവിലെ കോട്ടയം ഡിഎഫ്ഒ പ്രഫുൽ അഗ്രവാളിന്റെ നേതൃത്വത്തിൽ എൻടിസിഎ ടെക്നിക്കൽ യോഗവുംകൂടി സ്ഥിതിഗതികൾ വിലയിരുത്തി. ചൊവ്വാഴ്ചയോടെ കടുവയെ പിടിക്കാൻ കൂടും സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തി, പഞ്ചായത്തംഗങ്ങളായ നജീബ്, തേക്കിൻകാട്ടിൽ മുത്തുകുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.എൻ. അബ്ദുൾ അസീസ്, കെ.പി.കെ. ഫൈസൽ, ബാബു ആന്റപ്പൻ, എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ദിലീപ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അജയ് തുടങ്ങിയവർ പങ്കെടുത്തു.
എംഎൽഎയുടെ നിർദേശപ്രകാരം വൈപ്പർ ടീമിനെ സ്ഥലത്തെത്തിക്കുമെന്ന് റേഞ്ച് ഓഫീസർ ദിലീപ് അറിയിച്ചു.
ഇന്നു രാവിലെ 11ന് പീരുമേട്ടിൽ കോട്ടയം ഡിഎഫ്ഒയുടെ നേതൃത്വത്തിൽ യോഗം ചേരും .